ജാലകം

2012, ജനുവരി 4, ബുധനാഴ്‌ച

ത്യാഗമെന്നതേ മഹത്വം


ൻറെ ഹൃദയമന്ദിരത്തിൽ വാണരുളും ദേവൻ
എന്നുമെന്നെ കാത്തരുളും യേശുമഹേശൻ
തിന്മയെ ഹനിച്ചിടുന്ന ദിവ്യതേജസല്ലയോ?
നന്മയിൽ രമിച്ചിടുന്ന ചിന്മയരൂപൻ

സ്നേഹമാണവന്നു ഭാവമഖിലജീവജാലവും
സ്നേഹമോടെ വാഴുവാൻ അവൻ നിനച്ചതില്ലയോ?
ത്യാഗമെന്നതേ മഹത്വം എന്നു കാട്ടുവോൻ
ത്യാഗമൊന്നുകൊണ്ടു തന്നെ കീർത്തിയാർന്നവൻ
                                        ശരണദായകൻ ശ്രീയേശു ഗുണവിധായകൻ
                                        അരുളിടും നമുക്കു നിത്യമംഗളം

ഭക്തിയോടെ ദൈവവചനമഖിലവും ശ്രവിച്ചു നാം
ഹിതമവന്നു ചെയ്യുമെങ്കിലശുഭമൊക്കെ നീങ്ങിടും
കരുണയോടെ കാത്തുകൊള്ളുമാ ദയാപരൻ
വിണ്ണിൽ  നിന്നു വന്ന ദൈവപുത്രനാണവൻ
                              ശരണദായകൻ ശ്രീയേശു ഗുണവിധായകൻ
                                  അരുളിടും നമുക്കു നിത്യമംഗളം

2012, ജനുവരി 3, ചൊവ്വാഴ്ച

യേശുവേ! പീഡിതര്‍ക്കശ്രയമേ!

 
യേശുവേ! പീഡിതർക്കാശ്രയമേ!
നന്മ നിറഞ്ഞവനേ!
ഭൂവിതിലെങ്ങും നിറഞ്ഞവനേ!
വഴി കാട്ടണമേ പരനേ!

അഗതികൾക്കാശ്രയമേകിയീ ഭൂമിയിൽ
അവികലസ്നേഹം വിതച്ചനേ
അടി പതറാതെ നയിച്ചിടും ഞങ്ങളെ
അവിടുത്തെ സുവിശേഷങ്ങൾ

അൾത്താരയിൽ നിൻറെ ക്രൂശിതരൂപത്തിൽ
അത്താണി തേടുന്നു ഞങ്ങൾ
ആ ത്യാഗവൈഭവം നിത്യം സ്മരിക്കുന്നു
സത്യദയാപരനേ! മുക്തിപ്രദായകനേ!

സ്വർഗസ്ഥനായ പിതാവിൻറെ പുത്രനായ്
മർത്ത്യനായ് വന്നു പിറന്നവനേ!
മർദ്ദിതപീഡിതകോടികൾക്കാശ തൻ
പൊൻതാരമായ് വന്നുദിച്ചവനേ!








2012, ജനുവരി 2, തിങ്കളാഴ്‌ച

യേശുവിന്‍ ദാസന്‍

ഈ ഗാനം ഗാനഗന്ധർവൻ Padmasri Dr. K.J. Yesudas  പാടണമെന്ന് ആഗ്രഹിച്ച് എഴുതിയതാണ്. പക്ഷേ ... അതു യാഥാർത്ഥ്യമാവുകയെന്നത് നമ്മുടെ സങ്കല്പങ്ങൾക്കെല്ലാം വളരെ വളരെ അപ്പുറത്താണ്. എങ്കിലും ആഗ്രഹിക്കുന്നതിൽ തെറ്റില്ലല്ലോ? അദ്ദേഹം ഇതെങ്ങാൻ കാണാനിടയായാലോ?

യേശുവിന്‍ ദാസന്‍ ഞാന്‍
ഞാനെത്ര സൌഭാഗ്യവാന്‍
ഈശനവനെന്നും തുണയാകുമിന്നെന്റെ
ആശകളെല്ലാം നിറവേറിടും

പുല്‍ക്കൂടു പൂന്തോട്ടിലാക്കിയവന്‍
വിണ്ണിലെ രാജകുമാരന്‍
ഭോഗങ്ങളെല്ലാം വെടിഞ്ഞവന്‍ ലോകര്‍ക്കു
ലളിത്യമെന്തെന്നരുളി

ഊഴിയില്‍ വന്നു പിറന്ന ദേവന്‍
ഏഴകളെ പോറ്റാന്‍ വന്ന നാഥന്‍
പാപികള്‍ക്കായ്` സ്വയം പ്രാണനും നല്കിയോന്‍
ത്യാഗത്തിന്‍ പാഠം രചിച്ചു  


അന്ധന്നു ദിവ്യപ്രകാശമായി
മൂകന്നു ശബ്ദപ്രദായകനായ്
രോഗികൾക്കാശ്വാസമേകുന്ന ദിവ്യനാം
ലോകത്തിൻ രക്ഷകനീശോ