ജാലകം

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

കുരിശ്ശിൽ - എം. പി. അപ്പൻ


ഈ ഈസ്റ്റർ ദിനത്തിൽ യേശുവിന്റെ മഹാത്യാഗത്തെക്കുറിച്ച് പ്രശസ്ത കവി എം. പി. അപ്പൻ എന്താണു പറയുന്നതെന്നു നോക്കാം.

ഭാവഗീതത്തിന് മികച്ച ഉദാഹരണമാണ്  പ്രശസ്ത കവി ശ്രീ. എം. പി. അപ്പന്റെ ‘കുരിശിൽ’ എന്ന ഭാവസാന്ദ്രമായ കവിത. നിർദ്ദയം ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ത്യാഗസുരഭിലമായ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട്  ത്യാഗം ജീവിതവ്രതമാക്കുന്ന വ്യക്തികളുണ്ടാകും എന്ന വിളമ്പരം നമുക്കീ കവിതയിൽ ശ്രവിക്കാം. ഈ കവിത കേൾക്കുമ്പോൾ അത്യന്തം ദുഷ്ടവും അതിലേറെ മൂർഖവുമായ മാനവനീതിയുടെ നേർക്ക് കവി അമർഷം കൊള്ളുന്നത് നാമറിയുന്നു.

മാമ്പഴം ഫെയിം ജയലക്ഷ്മിയുടെ ശബ്ദത്തിൽ ഈ കവിത കേൾക്കാൻ  താഴെ ക്ലിക്കു ചെയ്യുക.  വായിക്കാൻ ആഗ്രഹിക്കുന്നവർക്കായി കവിതയും ചുവടെ ചേർത്തിട്ടുണ്ട്. 


കുരിശ്ശിൽ
-എം.പി. അപ്പൻ
ത്യന്തതമസ്സിൽപ്പെട്ടുഴലും ലോകത്തിന്നു
സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുൾക്കിരീടവും ചാർത്തിയങ്ങു വിശ്രമം കൊൾവൂ
മൂർഖമാം നിയമത്തിൻ നാരാചമുനകളിൽ.
ആ ഹന്ത! കുരിശ്ശിൽ തൻ പൂവൽമെയ് തറയ്ക്കപ്പെ-
ട്ടാകുലാത്മാവായ് കിടക്കുന്നൊരീ സമയത്തും
 സ്നേഹശീലനാം ഭവാൻ ഈശനോടപേക്ഷിക്കു-
ന്നീ കടുകൈ ചോയ്തോർക്കു മാപ്പു നല്കുവാൻ മാത്രം.
ദേവ! നിൻ മുറിവിൽ നിന്നിറ്റിറ്റു വീഴുന്നൊരീ
ജീവരക്തത്തിൻ തപ്തമാം ഓരോ കണികയും
കാരുണീരസം നിറഞ്ഞീ സർവംസഹയിങ്കൽ
ചാരു ചെമ്പനീർപൂവായ് ഉൽഫുല്ലമാകും നാളെ
കാന്തി ചൂഴുമാ ത്യാഗസൂനങ്ങൾ വാടാതെന്നും
ശാന്തിസൗരഭം വീശും  ഭൂവിലും സ്വർഗത്തിലും.

2012, ഡിസംബർ 22, ശനിയാഴ്‌ച

ഉണ്ണിയേശു പിറന്നല്ലോ

രമപിതാവിന്‍  കൃപയാല്‍ 
കന്യകമാതാവിന്‍ സുതനായ്‌ 
പതിതരെ  രക്ഷിച്ചീടാന്‍ 
പാരിലൊരുണ്ണി  പിറന്നല്ലോ 
ഉണ്ണിയേശു  പിറന്നല്ലോ. 

പിറന്നു വീണതു മെത്തയിലല്ല 
മണിമേടയിലല്ല 
ദൈവസുതന്നു ജന്മഗൃഹമായ് 
കാലികള്‍ തന്‍  പുല്‍ക്കൂട്‌. 

കന്യകയാകും മാതാവിന്നു 
പൊന്മകനായ് വന്നീശൊ 
നന്മനിറഞ്ഞവനവനീ പാരിന്‍ 
തിന്മകള്‍ നീക്കിടുമല്ലോ. 

മനുഷ്യപുത്രന്‍ മഹിമയെഴുന്നൊന്‍ 
മനസ്സിലുണ്ടെങ്കില്‍ 
തമസ്സിലും വഴി തെളിയും -നമുക്കു 
രക്ഷകനവനാണല്ലോ. 




2012, നവംബർ 16, വെള്ളിയാഴ്‌ച

യേശുവേ ജയിക്ക സ്നേഹദായകാ


 യേശുവേ! സ്നേഹദായകാ!
ശാശ്വതം നിന്റെ ദർശനം
യേശുവേ ജയിക്ക സ്നേഹദായകാ
ശാശ്വതം സനാതനം നിന്റെ ദർശനം

ഇരുളടഞ്ഞ വഴികളിൽ നീയണഞ്ഞു ദീപമായ്
ഇടറി വീണിടാതെ നീ നയിച്ചു ഞങ്ങളെ  
വഴിയറിഞ്ഞിടാതുഴന്നൊരജകുലത്തിനഭയമായ്
മനുജനായി മണ്ണിലേയ്ക്ക് വന്നു നല്ലൊരിടയനായ്

നന്മകൾ തിരിച്ചറിഞ്ഞ് തിന്മയെ ത്യജിക്കുവാൻ
നല്കി നീയനുഗ്രഹം ഗുരൂപദേശമായ്
കല്മഷങ്ങൾ നീക്കി നീയനുഗ്രഹിച്ചു ലോകരെ
നന്മയിൽ നീ നയിച്ചു നീ പ്രബോധനങ്ങളായ്

പാപികൾക്കുമാശ്രയം കൊടുത്തു നീ മഹോന്നതൻ
മാനസാന്തരം വരുത്തി മാപ്പു നല്കി നീ
ക്രൂശിലേറി മന്നിതിന്റെ പാപമൊക്കെ നീക്കുവാൻ
യേശുനാഥ! വെൽക വെൽക  നീ അനശ്വരൻ

വിശ്വസിപ്പവർക്കു നീ കൃപാവരങ്ങളേകിടും
വിജ്ഞരാക്കിടും വിശിഷ്ട വചനമേകി നീ
വിശ്വമാകെ കാത്തിരിപ്പു നിൻ വരവിനായിതാ
വിശ്വനായകാ! വരേണം വീണ്ടുമൂഴിയിൽ





2012, ഒക്‌ടോബർ 28, ഞായറാഴ്‌ച

എന്റെ ഹൃദയമാമൾത്താരയിൽ


ന്റെ  ഹൃദയമാമൾത്താരയിൽ
നിന്റെ രൂപം തെളിയുന്നിതെന്നും
നിന്നിലലിയുന്ന നേരം ദേവാ!
മന്നിടമാകെ മറന്നിടും ഞാൻ
എന്നെത്തന്നെ മറന്നിടും ഞാൻ

മർത്ത്യനായ് വന്നു ജാതനായ് ഭൂമിയിൽ
നിത്യതയ്ക്കേകി ദിവ്യാമൃതം നീ
ഭക്തിയോടെന്നും നിൻ സന്നിധി പൂകുവാൻ
സത്യസ്വരൂപാ! കഴിഞ്ഞിടേണം

സ്വർഗത്തിലെപ്പോൽ ഭൂമിയിലും നിന്റെ
സർഗചൈതന്യം നിറഞ്ഞിടേണം
നിൻതിരുനാമം വാഴ്ത്തപ്പെടേണമേ
നന്മയിതെങ്ങും നിറഞ്ഞിടേണേ!






2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

മനുഷ്യപുത്രൻ വന്നു പിറന്നു



നുഷ്യപുത്രൻ വന്നു പിറന്നു
മാലോകർക്കു വരം നല്കാൻ
ഉദിച്ചു ഭൂമിയിൽ ദൈവത്തിൻ കൃപ
സ്തുതിച്ചു പാടുക നാം

തിതരിലലിവിൻ കതിർ ചൊരിയുന്നവൻ
അവനിയിലേതിനുമധിപനിവൻ
ശ്രിതജനപാലകനജകുലനാഥൻ
ഹിതകരനേശുമഹേശൻ

പരമപവിത്രമിതഖിലം മിശിഹാ-
ചരിതം വാഴ്ത്തിടുവിൻ
മതിവരുവോളം നമുക്കു പാടാം
യേശുവിനപദാനങ്ങൾ

കനിവിന്നുറവേ കരുണാലയമേ
വരമരുളീടണമേ
ജനിമൃതി ഭുവനേ ജീവനമെല്ലാം
നിൻതിരുദാനങ്ങൾ

2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

തിരുഹൃദയം മനസ്സിൽ...


തിരുഹൃദയം മനസ്സിൽ
പകരുന്നു ദിവ്യാമൃതംദിനവും
ഹൃദയം തിരുഹൃയം
അരുളുന്നിതൊരു സാന്ത്വനം

ഈശ്വരനല്ലോ സകലേശൻ നീ
ശാശ്വതമൊന്നേ നിൻ ഹിതമെന്നും
നന്മ നിറഞ്ഞവനേ! കനിയേണം
നിൻ കൃപയെന്നിൽ നിറഞ്ഞീടാൻ

വിശ്വമിതൊന്നായ് കീർത്തിക്കുന്നു
രക്ഷകനാം നിന്നപദാനങ്ങൾ
മർദ്ദിതരില്ല പീഡിതരില്ല
സ്വർഗസമാനം നിൻ രാജ്യം

ആശയതൊന്നേ നിൻ പദമണയാൻ
ആശ്രിതർ ഞങ്ങൾക്കഭയം തരണേ!
മന്നിടമൊന്നായ് പ്രാർത്ഥിക്കുന്നു
നിന്നുടെ രാജ്യം വന്നീടാൻ