ജാലകം

2013, ഏപ്രിൽ 1, തിങ്കളാഴ്‌ച

കുരിശ്ശിൽ - എം. പി. അപ്പൻ


ഈ ഈസ്റ്റർ ദിനത്തിൽ യേശുവിന്റെ മഹാത്യാഗത്തെക്കുറിച്ച് പ്രശസ്ത കവി എം. പി. അപ്പൻ എന്താണു പറയുന്നതെന്നു നോക്കാം.

ഭാവഗീതത്തിന് മികച്ച ഉദാഹരണമാണ്  പ്രശസ്ത കവി ശ്രീ. എം. പി. അപ്പന്റെ ‘കുരിശിൽ’ എന്ന ഭാവസാന്ദ്രമായ കവിത. നിർദ്ദയം ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിന്റെ ത്യാഗസുരഭിലമായ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട്  ത്യാഗം ജീവിതവ്രതമാക്കുന്ന വ്യക്തികളുണ്ടാകും എന്ന വിളമ്പരം നമുക്കീ കവിതയിൽ ശ്രവിക്കാം. ഈ കവിത കേൾക്കുമ്പോൾ അത്യന്തം ദുഷ്ടവും അതിലേറെ മൂർഖവുമായ മാനവനീതിയുടെ നേർക്ക് കവി അമർഷം കൊള്ളുന്നത് നാമറിയുന്നു.

മാമ്പഴം ഫെയിം ജയലക്ഷ്മിയുടെ ശബ്ദത്തിൽ ഈ കവിത കേൾക്കാൻ  താഴെ ക്ലിക്കു ചെയ്യുക.  വായിക്കാൻ ആഗ്രഹിക്കുന്നവർക്കായി കവിതയും ചുവടെ ചേർത്തിട്ടുണ്ട്. 


കുരിശ്ശിൽ
-എം.പി. അപ്പൻ
ത്യന്തതമസ്സിൽപ്പെട്ടുഴലും ലോകത്തിന്നു
സത്യത്തിൻ പ്രഭാപൂരം കാട്ടിയെന്നതിനാലെ
മുൾക്കിരീടവും ചാർത്തിയങ്ങു വിശ്രമം കൊൾവൂ
മൂർഖമാം നിയമത്തിൻ നാരാചമുനകളിൽ.
ആ ഹന്ത! കുരിശ്ശിൽ തൻ പൂവൽമെയ് തറയ്ക്കപ്പെ-
ട്ടാകുലാത്മാവായ് കിടക്കുന്നൊരീ സമയത്തും
 സ്നേഹശീലനാം ഭവാൻ ഈശനോടപേക്ഷിക്കു-
ന്നീ കടുകൈ ചോയ്തോർക്കു മാപ്പു നല്കുവാൻ മാത്രം.
ദേവ! നിൻ മുറിവിൽ നിന്നിറ്റിറ്റു വീഴുന്നൊരീ
ജീവരക്തത്തിൻ തപ്തമാം ഓരോ കണികയും
കാരുണീരസം നിറഞ്ഞീ സർവംസഹയിങ്കൽ
ചാരു ചെമ്പനീർപൂവായ് ഉൽഫുല്ലമാകും നാളെ
കാന്തി ചൂഴുമാ ത്യാഗസൂനങ്ങൾ വാടാതെന്നും
ശാന്തിസൗരഭം വീശും  ഭൂവിലും സ്വർഗത്തിലും.